New Muslims APP

ഹജ്ജിന്റെ ആത്മാവറിയാത്ത യാത്രയയപ്പു സദസ്സുകള്‍

hajj-childവിശ്വാസികള്‍ക്ക് അനുശാസിക്കപ്പെട്ട പഞ്ചകര്‍മ്മങ്ങളില്‍ ഉപാദികളോടെ കല്‍പിക്കപ്പെട്ട അഞ്ചാമത്തെ അനുഷ്ഠാനമാണ് ഹജ്ജ്. പഴയകാലങ്ങളില്‍ വയോവൃദ്ധരായവരില്‍ മാത്രം ഹജ്ജ് കര്‍മ്മം ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് യുവതീ യുവാക്കളും മധ്യവയസ്‌കരും ഈ അനുഷ്ഠാനത്തിനായി ഒരുങ്ങുന്നു എന്നത് ഏറെ പ്രശംസനീയമാണ്. അഥവ ഓരോ വര്‍ഷവും ആയിരക്കണക്കിനു ഇബ്രാഹീമുമാരും ഇസ്മാഈലുമാരും ഹാജറമാരും ഉണ്ടാകുന്നു എന്നു സാരം. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഹജ്ജ് യാത്രയയപ്പുകളുടെ കാലമാണ്. ഇത്തരം സംഗമങ്ങളും സൗഹൃദ സദസ്സുകളും ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ആത്മീയമായ ഉത്തേജനവും അനുഗ്രഹവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ചില സംഗമങ്ങളും സങ്കീര്‍ത്തന സദസ്സുകളും വിശ്വാസികള്‍ക്ക് അഭിലഷണീയമല്ലാത്തതും ഹജ്ജിന്റെ ആത്മാവിനു നിരക്കാത്തതുമാണെന്നു പറയാതിരിക്കാന്‍ വയ്യ.

സകല വിധ ദൈവ സങ്കല്‍പങ്ങളേയും ഹൃദയത്തില്‍ നിന്നും മായ്ചുകളഞ്ഞു ഏക ഇലാഹിലേയ്ക്ക് എല്ലാ അര്‍ഥത്തിലുമുള്ള ഉണര്‍ന്നെഴുന്നേല്‍പിനുള്ള എണ്ണയും തിരിയുമായി കത്തിജ്ജ്വലിച്ച് പ്രകാശമാനമാകുന്നതിനു പകരം കരിന്തിരികത്തുന്ന പുകപടലങ്ങളില്‍ നിര്‍വൃതികൊള്ളാനുള്ള അന്ധമായ അഭിനിവേശം മാറാവ്യാധിയായി പടര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് ദുഖ സത്യമാണ്. ദൈവത്തോട് പ്രാര്‍ഥിക്കുക സജ്ജനങ്ങള്‍ക്ക്‌വേണ്ടി പ്രാര്‍ഥിക്കുക എന്നത് വിശ്വാസിയുടെ മുഖമുദ്രയത്രെ. അഞ്ചു നേരത്തെ നമസ്‌കാരത്തിലെ ആമുഖ പ്രതിജ്ഞയിലും പ്രാര്‍ഥനയിലും അത്തഹിയ്യാത്തിലും ഇതിന്റെ സുവ്യക്തമായ ചിത്രമാണ് ഓര്‍മ്മിപ്പിക്കപ്പെടുന്നത്.

വിജയത്തിലേക്കുത്തരം നല്‍കി എല്ലാ അശുദ്ധികളില്‍ നിന്നും മുക്തമായി തൊട്ടടുത്തുള്ള ദൈവ ഭവനത്തിലെത്തി ദൈവത്തെ വാഴ്ത്തി കൈകളുയര്‍ത്തിക്കെട്ടിയുള്ള പ്രതിജ്ഞ എത്ര അര്‍ഥ ഗര്‍ഭമാണ്.

ലോക രക്ഷിതാവായ തമ്പുരാനിലേക്ക് മുഖം തിരിച്ചുകൊണ്ട് തന്റെ സകല അടക്ക അനക്കങ്ങളും നമസ്‌കാരവും സല്‍കര്‍മ്മങ്ങളും ജീവിതവും മരണവും ദൈവത്തിനു സമര്‍പ്പിക്കുന്നു എന്ന ദൃഢനിശ്ചയത്തോടൊപ്പം ദൈവത്തില്‍ പങ്കാളിയാക്കുന്നവനില്‍ പെട്ടവനല്ലെന്നു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്ന മന്ത്രം വിശ്വാസികള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നത് സങ്കടകരമാണ്.

വിശ്വാസി സമൂഹത്തോടാണോ ബഹുദൈവ വിശ്വാസത്തെക്കുറിച്ചും ദൈവത്തില്‍ പങ്കാളികളെ ചേര്‍ക്കുന്നതിനെക്കുറിച്ചും നവോഥാന പ്രസ്ഥാനക്കാരെന്നു പറയുന്നവര്‍ സദുപദേശം നല്‍കുന്നതെന്നു പലപ്പോഴും രോഷം കൊള്ളാറുണ്ട്. ഇക്കൂട്ടരോട് പ്രപിതാവായ ഇബ്രാഹീം നബിയുടെ ആഹ്വാനത്തിനു ഹാജിമാര്‍ നല്‍കുന്ന പ്രത്യുത്തരവും, നമസ്‌കാരത്തിലെ ആമുഖ പ്രതിജ്ഞയും, ലുഖ്മാന്‍ തന്റെ മകനോട് ചെയ്യുന്ന സദുപദേശവും ഹൃദയം തുറന്നു പഠിക്കൂ എന്നല്ലാതെ എന്തു പറയാന്‍?

എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് സകലവിധ അടിമത്തങ്ങളില്‍ നിന്നും മോചനം സിദ്ധിക്കുന്നതിലാണ് വിശ്വാസത്തിന്റെ പരിശുദ്ധി പൂര്‍ണ്ണാര്‍ഥത്തില്‍ സാധ്യമാകുന്നത്. സകല അനുഷ്ഠാനങ്ങളും സാമൂഹ്യ ബോധത്തെ കാര്യക്ഷമമാക്കുമ്പോഴാണ് കര്‍മ്മങ്ങളുടെ പ്രതിഫലനം പ്രകടമാകുന്നത്. വിശ്വാസപരമായ പ്രഖ്യാപനങ്ങളിലൂടെ വിമോചനവും ഹൃദയവിശാലതയും കൈവരിക്കാനാകണം. അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ നിഷ്‌കളങ്കമായ ഭക്തിയും പരക്ഷേമ തല്‍പരതയും ജനിപ്പിക്കാനും കഴിയണം.

വിശ്വാസത്തിന്റെ ആകാശത്തിലെ താരകങ്ങളെ പ്രോജ്ജ്വലമാക്കാനും കര്‍മ്മങ്ങളുടെ ഭൂമികയിലെ ഓരോ മണ്ഡലത്തേയും യഥാവിധി പാകപ്പെടുത്താനും ഉപകരിക്കുന്ന അനുഷ്ഠാനമുറകളാണ് ഹജ്ജിലൂടെ സ്വാംശീകരിക്കേണ്ടത്.പവിത്രമായ ഈ അനുഷ്ഠാനത്തിന്റെ തയാറെടുപ്പുകള്‍ പോലും ഈ കര്‍മ്മത്തിന്റെ വിഭാവനക്ക് കടകവിരുദ്ധമാകുന്ന വിരോധാവഭാസം അത്യന്തം വേദനാജനകമാണ്. പ്രവാചകന്റെ കാലത്ത് ആ മഹനീയ നേതൃത്വത്തില്‍ പ്രാര്‍ഥിച്ചിരുന്നവര്‍ പ്രവാചക പ്രഭുവിന്റെ കാലശേഷം തിരുമേനിയുടെ പിതൃവ്യന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തിയ ചരിത്ര പാഠം പോലും പ്രാര്‍ഥനക്ക് ഇടനിലക്കാരനാവാമെന്നതിന്റെ സാധുതയാക്കിയവരുടെ പേകൂത്തുകള്‍ എല്ലാ സീമകളും ലംഘിച്ചു മുന്നേറുകയാണ്. തക്ബീറും തഹ്‌ലീലും അര്‍ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ പോലും കേവലമായ മന്ത്രോച്ചാരണമാക്കി ഇരുട്ടില്‍ തപ്പുന്ന സാധുക്കള്‍ക്ക് ഒരിക്കലും വെളിച്ചവും തെളിച്ചവും ലഭിക്കരുതെന്ന ശാഠ്യത്തോടെ ഹജ്ജുപദേശങ്ങള്‍ പൊടിപൊടിക്കുന്ന കാഴ്ചയും ഹൃദയഭേദകമാണ്.

കാതങ്ങള്‍താണ്ടി ഹജ്ജുകര്‍മ്മത്തിനെത്തുന്ന വിശ്വാസികള്‍ മദീനയില്‍ പോകുകയും റസൂലിന്റെ പള്ളിയും റൗദാഷരീഫും സന്ദര്‍ശിക്കുകയും പതിവാണ്. അതേ സമയം മദീനാ സന്ദര്‍ശനവും ഹജ്ജുകര്‍മ്മവും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുള്ളതായി വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന്റെ റൗദ സന്ദര്‍ശിക്കാന്‍ മദീനയിലേക്ക് പോകുമ്പോള്‍ ഹജ്ജും നിര്‍വഹിച്ചുകളയാമെന്ന ശീലിലും ശൈലിയിലുമാണ് ഉപദേശക കച്ചവടക്കാരുടെ വിശദീകരണങ്ങള്‍ കാടുകയറുന്നത്.

ഹജ്ജ് സ്വീകാര്യമാകാന്‍ സജ്ജനങ്ങളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിന്റെ അനിവാര്യത അടിവരയിടുന്ന സദസ്സുകളും, ഹജ്ജിനു പുറപ്പെടുന്നതിന്റെ മുമ്പ് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ കീര്‍ത്തന സദസ്സുകളും അവരുടെ ശുപാര്‍ശയും നിര്‍ബന്ധമാണെന്നു ശഠിക്കുന്ന പൗരൊഹിത്യ പാഠങ്ങളും, അടിസ്ഥാന രഹിതമായ നിര്‍മ്മിത ഹദീഥുകളുടെ ആഖ്യാനവും കൊണ്ട് പാമരന്മാരായ വിശ്വാസികളുടെ മനസ്സ് മലീമസമായിരിക്കുന്നു.

പ്രവാചകനോട് പ്രാര്‍ഥിച്ചുകൊണ്ടല്ല പ്രവാചകനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് പ്രവാചകാനുരാഗം പ്രകാശിപ്പിക്കേണ്ടത്. സജ്ജനങ്ങളോട് പ്രാര്‍ഥിച്ചു കൊണ്ടല്ല സജ്ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് അവരോടുള്ള ആദരം പ്രകടമാക്കേണ്ടത്. ഇബ്രാഹീം നബിയുടെ വിളിക്കുത്തരമായി പ്രവാചകന്‍ പഠിപ്പിച്ച പ്രത്യത്തരം ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിക്കട്ടെ.

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍മുല്‍ക്, ലാ ശരീക ലക ലബ്ബൈക്.
ഞാനിതാ ഇവിടെ, നിന്റെ കല്‍പ്പന കേള്‍ക്കാന്‍ ! നിനക്കു പങ്കാളികളില്ല. സ്തുതിയും അനുഗ്രഹവും അധികാരവും നിന്റെ വരുതിയില്‍… ഇതാ ഞാനിവിടെ…
——————–
അസീസ് മഞ്ഞിയില്‍
(islam onlive/ Aug-14-2015)

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.