New Muslims APP

ഹജ്ജിന്റെ ചൈതന്യം

hajj Arafa

ഹജ്ജിന്റെ ചൈതന്യം

ഹജ്ജിന്റെ ചൈതന്യം

എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവം (അല്ലാഹു) ഏകനാണ്. അവന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍വ ചരാചരങ്ങളും ഉണ്ടാവുന്നതും പ്രവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കുന്നതുമെല്ലാം. അവന്റെ അസംഖ്യം സൃഷ്ടികളിലൊന്നാണ് മനുഷ്യന്‍. മനുഷ്യന് ചിന്താസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുണ്ട്. അവനറിഞ്ഞിരിക്കേണ്ട സത്യങ്ങളും അവന്‍ ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങളും അവനെ ദൈവം അറിയിച്ചുകൊണ്ടേയിരുന്നു. ഈ മാര്‍ഗദര്‍ശനം മതം എന്ന പേരില്‍ അറിയപ്പെടുന്നു.മനുഷ്യന് മരണശേഷം ശാശ്വതമായ ഒരു ജീവിതത്തിനുള്ള സംവിധാനവും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൗതികജീവിതത്തിന്റെ സ്വാഭാവികമായ അനന്തരഫലമായിട്ടാണ് മരണാനന്തരജീവിതം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മരണാനന്തര ജീവിതം അവഗണിക്കാനുള്ള പ്രേരണകള്‍ ഭൗതികവിഭവങ്ങളിലുള്ളതിനാല്‍ അതേപ്പറ്റി സൂക്ഷ്മത പാലിക്കുകയും വേണ്ടത്ര വിരക്തിപൂണ്ടിരിക്കുകയും വേണം.

ഏക സമൂഹമായി മനുഷ്യന്‍ ജീവിക്കണം. സമത്വബോധവും പരസ്പര സ്‌നേഹവും സഹകരണവും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും മനുഷ്യര്‍ക്കുണ്ടാവണം.

നുഷ്യനെ സംബന്ധിച്ചു മൗലിക പ്രാധാന്യമുള്ള ഈ കാര്യങ്ങളെല്ലാം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

തുന്നാത്ത രണ്ടുകഷ്ണം വെള്ളത്തുണി മാത്രം വസ്ത്രമാക്കി ‘ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തു വന്നിരിക്കുന്നു, ഞങ്ങളിതാ വന്നിരിക്കുന്നു… നിനക്ക് പങ്കുകാരേ ഇല്ല. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കുതന്നെ, രാജാധികാരവും നിനക്കുതന്നെ. നിനക്ക് പങ്കുകാരേ ഇല്ല’ എന്ന് അറബി ഭാഷയില്‍ എല്ലാവരും വിളിച്ചു പറയുമ്പോള്‍ വിവിധ നാട്ടുകാരും വ്യത്യസ്തതലങ്ങളിലുള്ളവരും എല്ലാം ഒരേ ഭാഷയില്‍ ഒരേകാര്യം ഏകദൈവത്തോട് വിധേയത്വം പ്രഖ്യാപിച്ചുകൊണ്ടുപറയുകയാണ്. തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ കാണപ്പെട്ടാലും തങ്ങള്‍ ഏകദൈവത്തിന്റെ സൃഷ്ടികളും അവന്ന് വിധേയമായി ജീവിക്കുന്നവരുമാണ് എന്ന് സമത്വബോധത്തോടെ സമത്വം പ്രകടിപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുകയാണ്. ജീവിതത്തില്‍ മുഴുവന്‍ നിലനിര്‍ത്താന്‍ ഏകദൈവം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ് ഈ പ്രഖ്യാപിക്കുന്നത്.

ജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണ്, ത്വവാഫ്, അഥവാ കഅ്ബാ പ്രദക്ഷിണം, ഒരു വെളുത്ത തുണിയും വെളുത്ത ഒരു മേല്‍മുണ്ട് ഇടത്തേ ചുമലില്‍ നിന്നു പൂണൂല്‍ കെട്ടുന്നതുപോലെ കെട്ടിക്കൊണ്ടാണ് കഅ്ബയെ വലവെക്കുന്നത്. പൂണൂല്‍ധരിച്ച ഹിന്ദുക്കള്‍ ക്ഷേത്രം വലംവെക്കുന്നത് പോലെയാണ് മേല്‍തട്ടം ധരിച്ച മുസ്ലിംകള്‍ കഅ്ബയെ വലം വെക്കുന്നത്. മതത്തിന്റെ ഏകത്വവും അനുഷ്ഠാനങ്ങളും മതത്തിന്റെ പിന്നീടുണ്ടായ പകര്‍പ്പുകളില്‍ മാറ്റം വരാതെ നിലനില്‍ക്കാമെന്നാണ് ഇത് തെളിയിക്കുന്നത്. പ്രദക്ഷിണം കഅ്ബക്ക് ചുറ്റും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നത് കഅ്ബയും ഹജ്ജും മുഹമ്മദ് നബിയുടെ കാലത്തിനും ആയിരക്കണക്കിന്നു കൊല്ലങ്ങള്‍ക്കുമുമ്പേ നിലവിലുള്ളതാണ് എന്നതിനും തെളിവാണ്.

വ്യത്യസ്ത നാമങ്ങളില്‍ വിഭിന്നവിശ്വാസാനുഷ്ഠാനങ്ങളോടെ അറിയപ്പെടുന്ന മതങ്ങള്‍ പരസ്പരം അന്യമെന്ന് കരുതി അകറ്റിനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് അവ ഒരേ വിശ്വാസവും പരസ്പരംപൊരുത്തപ്പെടുന്ന അനുഷ്ഠാനങ്ങളുമുള്ള ഏകമതത്തിന്റെ വിവിധ പതിപ്പുകളാണെന്നു വിചാരിക്കുന്നത്. കാലാന്തരത്തില്‍ അവ ഇത്തിക്കണ്ണി മൂടിയ മരക്കൊമ്പുപോലെ ആയിപ്പോയതാകാം. ഈ ചിന്തക്ക് ഹജ്ജിലെ ത്വവാഫ് കര്‍മ്മം വഴിമരുന്നിടുണ്ട്. ത്വവാഫ് ഏഴു പ്രാവശ്യമാണ്. ക്ഷേത്രപ്രദക്ഷിണവും ഒന്ന്, മൂന്ന്, ഏഴ് എന്നിങ്ങനെ ഒറ്റയായിട്ടാണ് നടത്തുക എന്നതും ശ്രദ്ധേയമാണ്.

സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം തിരക്കിനടക്കലും മൃഗത്തെ ബലിയറുക്കലും ഹജ്ജിലെ കര്‍മ്മങ്ങളില്‍ പെട്ടതാണ്. ഇതുരണ്ടും ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ രണ്ടു സംഭവങ്ങളുടെ അനുസ്മരണമാണ്. ഭാര്യ ഹാജറയെയും പിഞ്ചുപൈതല്‍ ഇസ്മാഈലിനെയും കഅ്ബയുടെ അടുത്തുള്ള സഫാ, മര്‍വാ എന്ന കുന്നുകള്‍ക്കിടയില്‍ കൊണ്ടാക്കി ഇബ്‌റാഹീം നബി അടുത്തദേശത്തേക്ക് പോകുകയുണ്ടായി. പരിഭ്രമിച്ച ഹാജറ ‘ഇതു അല്ലാഹു കല്‍പിച്ചതാണോ?’ എന്നു ചോദിച്ചതിന് ഇബ്‌റാഹീം(അ) ‘അതെ’ എന്നു മറുപടി പറഞ്ഞപ്പോള്‍ സമാധാനിച്ചു. കുടിക്കാന്‍ കരുതിവെച്ച വെള്ളം തീര്‍ന്നു പോയപ്പോള്‍ വിഷമിച്ച് ആ രണ്ടു കുന്നുകളില്‍ മാറിമാറിക്കയറിയെന്നും ഒരാളെപ്പോലും കാണാനാകാതെ വിഷമിച്ച്് അവസാനം കുഞ്ഞിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നപ്പോള്‍ കുഞ്ഞ് കാലിട്ടടിച്ച ഭാഗത്ത് ഒരു നീരുറവു പൊട്ടി ഒഴുകുന്നത് കണ്ടെന്നും അതാണ് ഇന്നും നിലക്കാത്ത ‘സംസം’ എന്നും ഹദീസുകളില്‍ വിവരണമുണ്ട്. ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ദൈവാനുസരണത്തിന്റെ രീതിയാണ് ഇവിടെ പ്രസക്തം. ഈ അനുസ്മരണം ദൈവാനുസരണത്തിന്റെ അനുസ്മരണമാണ്. ഇതുപോലെത്തന്നെയാണ് ബലിയറുക്കലും. മകന്‍ ഇസ്മാഈലിനെ ബലിയറുക്കണമെന്ന് സ്വപ്നത്തിലൂടെ കല്‍പിക്കപ്പെട്ട ഇബ്‌റാഹീമും മകന്‍ ഇസ്മാഈലിനോട് പ്രസ്തുതസംഗതി വെളിപ്പെടുത്തിയപ്പോള്‍ യാതൊരു മടിയും കൂടാതെ അതിന്നൊരുങ്ങി. മകനെ ചരിച്ചുകിടത്തി ഇബ്‌റാഹീം കഴുത്തില്‍ കത്തി ആഴ്ത്താന്‍ പുറപ്പെട്ടപ്പോള്‍ അത് നിര്‍ത്താനും പകരം ഒരു മൃഗത്തെ ബലിയറുക്കാനും ദിവ്യകല്‍പന വന്നു. ആ കല്പനയാണ് ബലികര്‍മത്തിലൂടെ അനുസ്മരിച്ചു നടപ്പാക്കുന്നത്. ഇതില്‍ അനുസ്മരിക്കുന്നത്, ആ കര്‍മ്മത്തേക്കാളുപരി അതിന്റെ പശ്ചാത്തലമായ ദൈവാനുസരണത്തിന്റെ രീതിയാണ്. അല്ലാഹു എന്തുകല്‍പിച്ചാലും ചെയ്യുക എന്നതാണ് ‘ഇസ്‌ലാം’. ഞങ്ങള്‍ അതിന്ന് തയ്യാറുള്ളവരാണ് എന്ന് പ്രവൃത്തിയിലൂടെ പ്രഖ്യാപിക്കലാണ് ‘ബലികര്‍മ്മം’. ഹജ്ജിലെ ത്വവാഫ് (പ്രദക്ഷിണം) ഇബ്‌റാഹീം നബിക്കും മുമ്പേ ഉണ്ടായിട്ടുള്ളതാണെന്ന പോലെ, ഈ രണ്ടു കര്‍മ്മങ്ങള്‍ ഇബ്‌റാഹീം നബിക്ക് ശേഷമുണ്ടായതാണെന്നും മനസ്സിലാക്കാന്‍ ന്യായമുണ്ട്.

ഹജ്ജിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അറഫാമൈതാനിയില്‍ സമ്മേളിക്കല്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന മുസ്‌ലിംകള്‍ -അല്ലാഹുവിന് കീഴൊതുങ്ങിയവര്‍- തുല്യത പ്രഖ്യാപിക്കുന്ന ലളിത വസ്ത്രത്തില്‍ അവിടെ സമ്മേളിച്ച് ഒരുമിച്ച് നമസ്‌കരിക്കുകയും ഒരു ഉല്‍ബോധന പ്രസംഗം കേള്‍ക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ) അവിടെ വെച്ചു ചെയ്ത വിടവാങ്ങള്‍ പ്രസംഗം ലോകപ്രസിദ്ധമാണ്. അല്ലാഹുവിനെയും തങ്ങളെത്തന്നെയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്ന ആ മൈതാനത്തിന്റെ പേര് ‘അറഫാ’ (വിജ്ഞാനം) അന്വര്‍ത്ഥമാണ്.

ഹജ്ജിലെ കര്‍മ്മങ്ങള്‍ മുഹമ്മദ്‌നബി ഉണ്ടാക്കിയതല്ല. നബിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതുമല്ല. ഇബ്‌റാഹീം നബിയുടെ കാലത്തിന്നുമുമ്പും പിമ്പുമായി ഉണ്ടായിട്ടള്ളതാണ്. ഏകദൈവത്തിങ്കല്‍നിന്ന് മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരുന്നത് ഒരേ മതം തന്നെയാണെന്നും മതങ്ങളെ വ്യത്യസ്തങ്ങളായി ഗണിക്കാന്‍ പാടില്ലെന്നും ഹജ്ജിലെ കര്‍മ്മങ്ങള്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരെല്ലാം അല്ലാഹുവിങ്കല്‍ സൃഷ്ടികളും അടിമകളും തുല്യരും ആണെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഹജ്ജ്.

അവലംബം: യുവസരണി ഹജ്ജ് സപ്‌ളിമെന്റ്,
ലേഖകന്‍: പ്രൊഫ: വി. മുഹമ്മദ്‌

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.