New Muslims APP

അള്ളാഹു അര്‍ത്ഥന ആഗ്രഹിക്കുന്നു

അള്ളാഹു അര്‍ത്ഥന ആഗ്രഹിക്കുന്നു

യാചന തരംതാണ പണിയാണ്. എന്നാല്‍ അല്ലാഹു ഇഷ്ടപ്പെടുന്നത് മനുഷ്യരെല്ലാം അവന്റെ മുമ്പില്‍ യാചകരായിരിക്കണം എന്നാണ്. ലോകത്തെ ഏറ്റവും വലിയ ധനികനും അല്ലാഹുവിന്റെ മുമ്പില്‍ ദരിദ്രനാണ്. ഈ ചിന്ത ഇസ്‌ലാമിന്റെ ആത്മീയതയുടെ അടിത്തറയാണ്. അല്ലാഹു ഈ ബോധം മനുഷ്യരില്‍ സൃഷ്ടിക്കുന്നത് നോക്കൂ: ”ഹേ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.” (ഖുര്‍ആന്‍: 35:15)

പരമദരിദ്രനോടും അതിസമ്പന്നനോടും ഒരേ സ്വരത്തിലാണ് അല്ലാഹുവിന്റെ സംസാരമെങ്കിലും സമ്പന്നന്റെ മനസ്സിലാണ് ഇത് അധികം തറക്കേണ്ടത്. ധനത്തിന്റെ ആധിക്യം മനുഷ്യനെ ധിക്കാരിയാക്കാനിടയുണ്ടല്ലോ. ധനത്തിന്റെ കമ്മി ധിക്കാരമുണ്ടാക്കില്ല എന്നുറപ്പാണ്.

മനുഷ്യ ജീവിതമെന്നാല്‍ ആവശ്യപ്പെടലാണ്. കുഞ്ഞ് വളര്‍ന്ന കാര്യശേഷിയായാര്‍ജിച്ചാല്‍ ഉമ്മ അവനോട് ആവശ്യപ്പെടുന്നു. കുഞ്ഞിന്റെ കരച്ചില്‍ അമ്മിഞ്ഞക്കു വേണ്ടിയുള്ള ആവശ്യപ്പെടലാണ്. സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട മാതാപിതാക്കള്‍ മക്കളുടെ കണ്ണിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് സ്‌നേഹത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള യാചനയാണ്. ആ കണ്ണുകളുടെ ഭാഷ മക്കള്‍ മനസ്സിലാക്കണം.

കുഞ്ഞ് വലുതായാല്‍ അവന്റെ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു. അപ്പോള്‍ ചോദ്യം മാതാപിതാക്കളില്‍ നിന്നും മറ്റു വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തുന്നു. കോളേജില്‍ പ്രവേശനം ലഭിക്കാന്‍ പ്രിന്‍സിപ്പാളിനോട്, ബിരുദം നേടിയാല്‍ ഉദ്യോഗം ലഭിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനോട്.. അങ്ങനെ നീളുന്നു അവന്റെ ആവശ്യപ്പെടല്‍. ഇത് ആര്‍ക്കും ശല്യം തോന്നാത്ത ആവശ്യപ്പെടലുകളാണ്.

ഈ തിരക്കിനിടയില്‍ തന്റെ കാഴ്ച്ചക്ക് വിധേയനാവാത്ത ഒരുവനോട് മറ്റാരോടും ചോദിച്ചിട്ട് കാര്യമില്ലാത്ത ചിലത് മനുഷ്യന്‍ ചോദിക്കുന്നു. ഞാന്‍ വിവാഹിതനായിട്ട് പത്ത് വര്‍ഷമായി. ഭാര്യക്ക് ഗര്‍ഭധാരണം നടന്നില്ല. അല്ലാഹുവേ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരണം. നിന്റെ ഖജനാവില്‍ ധാരാളമുണ്ട്. അത് കാലിയാവുകയില്ല. അങ്ങനെ കുഞ്ഞിനെ ലഭിക്കുന്നു, അവന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു കൊടുത്ത് വളര്‍ത്തുന്നു. ലാളനയും എന്തു ചോദിച്ചാലും മാതാപിതാക്കള്‍ നല്‍കുമെന്ന ചിന്തയും കാരണം കുട്ടിയില്‍ അഹങ്കാരമുണ്ടാവുകയും മതത്തിന് നിരക്കാത്ത ചില പ്രവൃത്തികള്‍ അവനില്‍ പ്രകടമാവുകയും ചെയ്യുന്നു. പക്ഷേ അവനോടുള്ള സ്‌നേഹാധിക്യം കാരണം മാതാപിതാക്കള്‍ അവനെ ശാസിക്കുന്നില്ല. അല്ലാഹു കുഞ്ഞിനെ നല്‍കിയതിന്റെ നന്ദി അവര്‍ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, നന്ദികേട് പ്രകടിപ്പിക്കലായി ആ മൗനം മാറുകയും ചെയ്യുന്നു. കുട്ടിയെ ശാസിക്കണം, കോപിക്കണം, ഇനി ഭക്ഷണവും വസ്ത്രവുമില്ലാതെ മറ്റൊന്നും തരില്ലെന്ന് പറയണം. ഈ കോപവും ഭീഷണിയും അല്ലാഹുവിന്നുള്ള നന്ദി പ്രകടനമാകും.

മനുഷ്യന്‍ ചോദിക്കുന്നതും ചോദ്യം ആവര്‍ത്തിക്കുന്നതും അല്ലാഹുവിന് അവരോടുള്ള പ്രീതി വര്‍ധിപ്പിക്കും. മനുഷ്യര്‍ തമ്മിലാണ് സഹായാര്‍ഥനയും ചോദ്യവും വര്‍ധിപ്പിക്കുന്നതെങ്കില്‍ അത് വെറുപ്പാണ് ഉണ്ടാക്കുക. ഒരാള്‍ ആയിരം രൂപ കടം ചോദിക്കുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ഞൂറ് തരുമോ എന്ന്. ഒന്നുമില്ലെന്ന് മറുപടി കൊടുത്തപ്പോള്‍ അയാള്‍ തിരിച്ചു പോയി. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും കടം ചോദിക്കാന്‍ വന്നു. ഇല്ലെന്ന് മറുപടി കേട്ട് തിരിച്ചു പോയ ആള്‍ ഒരു മാസം കഴിഞ്ഞ് അതേ ആവശ്യവുമായി വരുന്നു. ഈ ചോദ്യക്കാരനോട് ദേഷ്യമാണ് അയാള്‍ക്കുണ്ടാവുക. അല്ലാഹുവിന്റെ അവസ്ഥ മറിച്ചാണ്. അയ്യൂബ് നബി(അ) രോഗ ബാധിതനായി. എത്ര കാലം പ്രാര്‍ഥിച്ചു! അല്ലാഹു പെട്ടന്ന് ഉത്തരം കൊടുത്തില്ല. കടുത്ത പരീക്ഷണങ്ങള്‍ സഹിച്ച് ക്ഷമയോടെ അദ്ദേഹം ചോദ്യം തുടര്‍ന്നു. ഒടുവില്‍ എല്ലാ ദുഖങ്ങളും മാറ്റി പഴയ പ്രതാപം അല്ലാഹു തിരിച്ചു നല്‍കി.

ദാസന്‍മാര്‍ ചോദ്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഇഷ്ടപ്പെടുന്ന അല്ലാഹു ചിലര്‍ക്ക് ദുന്‍യാവില്‍ വെച്ച് മറുപടി കൊടുത്തില്ലെന്ന് വരും. ചിലര്‍ക്ക് തല്‍ക്ഷണം ഉത്തരം കൊടുക്കും. ഇത് മൂന്നിലും പെടാത്തവര്‍ക്ക് പരലോകത്ത് എല്ലാം തികച്ചു കൊടുക്കും. നാം ദുര്‍ബലരും ദരിദ്രരുമാണെന്ന ബോധത്തോടെ പ്രാര്‍ഥന തുടരുക.

പ്രാര്‍ത്ഥന

അര്‍ത്ഥന

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.